District News
നെടുമങ്ങാട്: മലയോര മേഖല യിലെ കനത്ത മഴയിൽ തോടുകളും നദികളും നിറഞ്ഞൊഴുകി. വാമനപുരം ആറ്റിലും കരമനയാറ്റിലും കിള്ളിയാറ്റിലും ജലനിരപ്പുയർന്നു.
അരുവിക്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഡാമിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിന്റെ സമീപപ്രദേശങ്ങളിലും കരമന യാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നുണ്ട്. തെങ്കാശി, പൊന്മുടി, കാട്ടാക്കട, വട്ടപ്പാറ റോഡുകളിൽ ചിലേടങ്ങളിൽ മണ്ണിടിഞ്ഞതും മരങ്ങൾ കടപുഴകിയതും യാത്രക്കാരെ ആശങ്കയിലാക്കി. മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രി യാത്രയ്ക്കു നിയന്ത്രണമുള്ളതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
Kerala
ഗ്യാംഗ്ടോക്ക്: മഴ തുടരുന്നതിനിടെ പടിഞ്ഞാറൻ സിക്കിമില് മണ്ണിടിച്ചില്. റിംബി ഗ്രാമത്തിലാണ് വലിയ പാറക്കല്ലുകളും അവശിഷ്ടങ്ങളും വഹിച്ചുകൊണ്ടുള്ള മണ്ണിടിച്ചിലുണ്ടായത്. ഇതിനെത്തുടര്ന്ന് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സ്ഥലത്ത് റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
യുക്സോം-താഷിഡിംഗ് മണ്ഡലത്തിലെ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് മണ്ണിടിച്ചിലില് പൂര്ണമായും തടസപ്പെട്ടതോടെ ഈ പാതയിലെ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. പ്രദേശത്തെ ഭൂപ്രകൃതിയുടെ അസ്ഥിരത തുടരുന്നത് നാട്ടുകാരില് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കനത്ത മഴ തുടര്ന്നാല് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോ എന്നാണ് ആശങ്ക. സിക്കിമിലും സമീപത്തുള്ള ഡാര്ജിലിംഗ് മലനിരകളിലും പലയിടങ്ങളിലായി മണ്ണിടിച്ചില് ഉണ്ടായിരുന്നു.
പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തുടര്ച്ചയായ മഴ മണ്ണിടിച്ചിലിനും കല്ലും മണ്ണും അടക്കം ഒഴുകി എത്തുന്നതിനും കാരണമായേക്കാമെന്നതിനാല് ജാഗ്രത പാലിക്കാന് പ്രദേശവാസികള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. കൂടുതല് മഴയും അസ്ഥിരമായ ഭൂപ്രകൃതിയും മണ്ണിടിച്ചില് ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ രക്ഷാ പ്രവര്ത്തനങ്ങളെ സങ്കീര്ണമാക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും മഴ നാശം വിതച്ചു. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു.
ഡൽഹിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഒമ്പതു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി വിമാനത്താവള ടെർമിനൽ മൂന്നിൽ വെള്ളം കയറിയതോടെയാണ് സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഡൽഹിക്കുപുറമേ ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു.
റോഡുകളിൽ വെള്ളം കയറിയതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ 20ലധികം ജില്ലകളിൽ മഴക്കെടുതി രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. വീടുകൾക്ക് പുറമെ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതി വിലയിരുത്തുന്നതിനായി ഉത്തർപ്രദേശ്, ബിഹാർ മുഖ്യമന്ത്രിമാർ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. മഴ ശക്തമായ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകളും ഡൽഹിയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
National
അമേഠി: ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ചിത്രകൂടിലും അമേഠിയിലുമായി ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചിത്രകൂട് ജില്ലയിലെ ബരാച്ചിൽ കനത്ത മഴയിൽ മൺകുടിൽ തകർന്നു വീണ് പിതാവും രണ്ട് കുട്ടികളും മരിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ കല്ലു യാദവ് (32), അഞ്ചുവയസുകാരി അൻഷ്, ഒരു വയസുള്ള കല്ലി എന്നിവരാണ് മരിച്ചത്. കല്ലുവിന്റെ ഭാര്യ കുന്തയ്ക്കും മകൾ മൂന്നു വയസുകാരി അൻഷികയ്ക്കും പരിക്കേറ്റു. അമേത്തിയിൽ 66കാരിയായ വയോധികയാണ് മരിച്ചത്. നയപുർവ ഗ്രാമത്തിൽ ശക്തമായ മഴയിൽ മൺഭിത്തി ഇടിഞ്ഞുവീണാണ് മരണം.
District News
മലപ്പുറം: തുടര്ച്ചയായി പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് ശമനമായതോടെ തീരദേശ-മലയോര നിവാസികള്ക്ക് ആശ്വാസം. കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുന്നത് വെള്ളപ്പൊക്കം, മണ്ണിടിച്ചില്, കടല്ക്ഷോഭം എന്നിവ കാരണം ദുരിതത്തിലായ നൂറുകണക്കിന് കുടുംബങ്ങള്ക്ക് വലിയ ആശ്വാസമാണ്. മലയോര മേഖലകളിലും തീരദേശത്തും നല്കിയിരുന്ന ജാഗ്രതാ നിര്ദേശങ്ങളില് ഇളവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില് ദുരിതം വിതച്ച തോരാമഴ മാറി തെളിഞ്ഞ ആകാശമായതോടെ ദൈനംദിന ജീവിതം വീണ്ടും സജീവമായി തുടങ്ങി. മഴ കനത്തതോടെ ഉയര്ന്ന മലയോര മേഖലകളിലെ ഉരുള്പൊട്ടല് ഭീഷണിക്കും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും ആശ്വാസമായിട്ടുണ്ട്. ജലാശയങ്ങളിലെ ജലനിരപ്പ് താഴാന് തുടങ്ങിയതോടെ നദിക്കരകളില് താമസിക്കുന്നവരും ആശ്വാസത്തിലാണ്. മഴ കാരണം സ്തംഭിച്ചുപോയ ഗതാഗത സംവിധാനങ്ങളും വ്യാപാര മേഖലയും സാധാരണ ഗതിയിലേക്ക് തിരികേയെത്തി.
അടുത്ത കുറച്ചു ദിവസങ്ങളില് വരണ്ടതോ കുറഞ്ഞ മഴയോ ഉള്ള കാലാവസ്ഥയായിരിക്കുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തകര്ന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്ത്തനങ്ങളും പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില് പലയിടത്തും തുടരുകയാണ്. ഓണക്കാലത്ത് കാര്ഷിക മേഖലയ്ക്കും ഈ കാലാവസ്ഥാ മാറ്റം അനുഗ്രഹമാണ്.
ദിവസങ്ങളായി തുടരുന്ന മഴ കാരണം പണിമുടക്കിയ തൊഴിലാളികളും സാധാരണക്കാരും ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളിലാണ്. കനത്ത മഴയ്ക്ക് താത്കാലിക ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള് ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
District News
മുക്കം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായകനത്ത മഴയെ തുടർന്ന് തോട്ടുമുക്കത്ത് വീടിന്റെ മേൽക്കൂര തകർന്നു.തോട്ടുമുക്കം മൈസൂർപറ്റ സുദിക്കാട്ടിൽ ജോയിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര പൂർണമായി നിലംപതിക്കുകയായിരുന്നു.അപകടസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങളും നശിച്ചു.
District News
അടിമാലി: അടിമാലി മേഖലയിൽ മഴ ശക്തമായി. ഇന്നലെ രാവിലെ മുതൽതന്നെ ശക്തമായി മഴ പെയ്തതോടെ അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ടൗണിനു സമീപത്തുകൂടിയുള്ള ഓട നിറഞ്ഞ് വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറുകയായിരുന്നു. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. തോരാതെയുള്ള മഴ അടിമാലി മേഖലയിലെ ജനങ്ങളെ ആശങ്കയിലായിട്ടുണ്ട്.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷനു സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു കയറി. ഇവിടെ എല്ലാ വർഷവും മഴപെയ്യുമ്പോൾ ഓട നിറഞ്ഞ് വെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്കു കയറാറുണ്ട്. ഇതിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ലൈബ്രറി റോഡിനു സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വലിയ നഷ്ടമുണ്ടായി.
ചാറ്റുപാറ സബ് സ്റ്റേഷന് പടിയില് റോഡില് വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വെള്ളം കയറി. ഓടകൾ നിറഞ്ഞതോടെ ബസ് സ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് കാൽനട യാത്രികർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.
കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലിയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീടിന് സമീപം കഴിഞ്ഞവർഷം മഴയെത്തുടർന്ന് മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ വീണ്ടും മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്കു സമീപം മണ്ണും കല്ലും റോഡിലേക്ക് പതിച്ചു. മൺതിട്ടയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല. മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്.
മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽതന്നെ മഴ ശക്തമായി തുടരുകയാണ്. ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്.
മാങ്കുളത്ത് മരംവീണ് ഗതാഗതം തടസപ്പെട്ടു
അടിമാലി: ശക്തമായ മഴയെത്തുടർന്ന് മാങ്കുളം മുനിപാറയ്ക്കു സമീപം മരം റോഡിലേക്ക് വീണു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മരം വീണതിനെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.
ഇതോടെ അടിമാലി - മാങ്കുളം റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. സമീപത്തുകൂടി കടന്നുപോയിരുന്ന വൈദ്യുത ലൈനിനു മുകളിലേക്കാണ് മരം വീണത്. ഇതോടെയാണ് പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
District News
അമ്പലപ്പുഴ: മഴയായതോടെ ദേശീയപാത തകർന്നടിഞ്ഞ് കുളമായി.റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് വാഹനങ്ങളും യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായി. മഴക്കാലമാരംഭിക്കുന്നതിന് മുൻപുതന്നെ ദേശീയപാതയിൽ അന്പലപ്പുഴ ജംഗ്ഷൻ തകർന്നിരുന്നു. എന്നാൽ ഇതിലേ യാത്ര ചെയ്യുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊന്നും ഇവിടെ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗത യോഗ്യമാക്കാൻ യാതൊരു ശ്രമവും നടത്തിയില്ല.
കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ അക്ഷരാർഥത്തിൽ റോഡ് കുളമായിരിക്കുകയാണ്.ഈ ഭാഗത്തെ വലിയ കുഴികളിൽ വീണ് ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
വെള്ളിയാഴ്ച രാവിലെ കടകളിൽ വിൽപ്പനയ്ക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങളുമായി പോയ മിനി വാൻ കുഴിയിൽ വീണ് ടയർ പഞ്ചറായി. തിരുവല്ല ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന ഭാഗത്തെ കുഴിയിൽ വീണ് ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. റോഡിൽ വലിയ കുഴികൾ ഓരോ ദിവസവും രൂപപ്പെടുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കുമായിരിക്കുകയാണ്.
Kerala
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനം വിലക്കി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും നിരോധിച്ചു.
ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു. ഓഗസ്റ്റ് ഒൻപതു വരെ ആണ് നിരോധനം. ജില്ലാ കളക്ടർ ആണ് പ്രവേശനം വിലക്കി ഉത്തരവിട്ടത്.
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ നടപടി. കനത്ത മഴ സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ജാഗ്രത തുടരാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എ.പി.അനിൽകുമാർ കളക്ടർമാർക്കു നിർദേശം നൽകി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലേക്കും നദീതീരങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
District News
പാലാ: കനത്ത മഴയില് മീനച്ചില് തോട്ടിലും ളാലം തോട്ടിലും ജലനിരപ്പ് ഉയര്ന്നു. താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളില് വെള്ളം കയറി. പാലാ-പൊന്കുന്നം റോഡിലും നിരവധി വീടുകളിലും വെള്ളം കയറി. ഇന്നലെ പുലര്ച്ചെ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം മേഖലയില് കാര്യമായ നാശനഷ്ടം വിതച്ചു. പൈക, കൊച്ചുകൊട്ടാരം, പൂവരണി മേഖലകളിലുണ്ടായ കനത്ത മഴയെത്തുടര്ന്നാണ് പുലര്ച്ചെ അഞ്ചോടെ മീനച്ചില് തോട്ടിലെ നിലനിരപ്പ് ഉയര്ന്നത്.
കഴിഞ്ഞ ദിവസങ്ങളില് മീനച്ചിലാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ജനജീവിതം സാധാരണ നിലയിലേക്ക് കടന്നപ്പോഴാണ് അപ്രതീക്ഷിതമായി വെള്ളപ്പാച്ചില് ഉണ്ടായത്. ചെറുചിലമ്പില് രാജീവിന്റെ സ്റ്റേഷനറി കടയിലെ സാധനങ്ങള് ഒഴുകിപ്പോയി. കാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. വട്ടപ്പറമ്പില് ആഗസ്തി, അകമ്പനാല് സുനില്കുമാര്, തകടിയേല് ഷാജി, നന്ദു പരമാര, ജോയി മൂത്തേടത്ത് എന്നിവരുടെ വീടുകളില് വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.
മീനച്ചില്-മീനച്ചില്കാവ് റോഡ്, മീനച്ചില്-തെങ്ങുംതോട്ടം റോഡ്, ഇടയാറ്റുകര റോഡുകള് വെള്ളത്തിനടിയിലായി. ഉച്ചയോടെ വെള്ളമിറങ്ങിയെങ്കിലും ദുരിതം അവശേഷിക്കുകയാണ്.
Kerala
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്ന് ശനിയാഴ്ച (ഓഗസ്റ്റ് 08) ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, തൃശൂർ, കണ്ണൂർ, വയനാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ല.
കാസർഗോഡ്
കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ നാളെ (08/08/2026 ശനി) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമായിരിക്കില്ല.
തൃശൂർ
തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വയനാട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ശനിയാഴ്ച ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, കോച്ചിങ് ക്ലാസ്സുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂൾ, കോളേജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ അവധി നൽകാവുന്നതാണെന്നും കളക്ടർ അറിയിച്ചു.
കോട്ടയം
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (08/08/2026 ശനി) അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ് നടത്തുന്നത് നിരോധിച്ചതായി ജില്ല കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസിനും നിയന്ത്രണം ബാധകമല്ല.
Kerala
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്ന് ശനിയാഴ്ച (ഓഗസ്റ്റ് 08) ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, തൃശൂർ, കണ്ണൂർ, വയനാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ല.
കാസർഗോഡ്
കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ നാളെ (08/08/2026 ശനി) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമായിരിക്കില്ല.
തൃശൂർ
തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വയനാട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ശനിയാഴ്ച ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, കോച്ചിങ് ക്ലാസ്സുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂൾ, കോളേജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ അവധി നൽകാവുന്നതാണെന്നും കളക്ടർ അറിയിച്ചു.
കോട്ടയം
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (08/08/2026 ശനി) അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
Kerala
കാസർഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (8-8-26) അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കാസർഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ, കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് ശനിയാഴ്ച (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (8-8-26) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ആണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്കണവാടികൾ, മദ്രസകൾ , ട്യൂഷൻ സെന്റുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, തൃശൂർ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഇതിനുപുറമെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്. അതേസമയം അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനത്തത്.
അപകടസാധ്യത മുൻനിർത്തി ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി മറ്റന്നാളോടെ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
തൊടുപുഴ: ഒരു ദിവസം നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ജില്ലയെ ആശങ്കയിലാഴ്ത്തി. ഇന്നലെ മിക്കയിടങ്ങളിലും പകല്സമയം ഇടവിട്ട് ശക്തമായ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില് ഇന്നലെ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉച്ചയോടെ റെഡ് അലര്ട്ടാക്കി മാറ്റി. ജില്ലയില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടവിട്ടുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയില് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല് ജനങ്ങള് ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്ദേശിച്ചു.
ഉരുള്പൊട്ടല്, മണ്ണിടിച്ചില്, വെള്ളപ്പൊക്ക ഭീഷണി നിലനില്ക്കുന്ന മേഖലകളില്നിന്നുള്ളവര്ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള് ജില്ലയില് പ്രവര്ത്തിച്ചുവരുന്നുണ്ട്. ആകെ 336 പേരാണ് ഇവിടെ കഴിയുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില് ജില്ലയില് കാര്യമായ തോതില് മഴ രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി -18.8, പീരുമേട് -17, തൊടുപുഴ- 16, ദേവികുളം- 10.8, ഉടുമ്പന്ചോല- 3.5 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില് രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
മഴ ശമനമില്ലാതെ തുടരുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം, കാര്ഷികം, വ്യാപാര മേഖലകളാണ് മഴ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല പൂര്ണമായും സ്തംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേ്ക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയായി. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്ട്ടുകളിലും ഹോം സ്റ്റേകളിലുമായി നൂറുകണക്കിന് ബുക്കിംഗ് റദ്ദുചെയ്തു.
മഴ ശക്തമായതോടെ ജില്ലയില് പല വെള്ളച്ചാട്ടങ്ങളും സജീവമായി. ഇത്തരം കേന്ദ്രങ്ങളില് മുന്നറിയിപ്പുകള് അവഗണിച്ച് സന്ദര്ശകര് എത്തുന്നുണ്ട്. ഇക്കാര്യത്തില് പോലീസും മറ്റും ജാഗ്രതാ നിര്ദേശം നല്കുന്നുണ്ട്. അലര്ട്ടുകള് പൂര്ണമായും പിന്വലിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങള് തുറക്കില്ല.
കാര്ഷിക മേഖലയെയും മഴ പ്രതിസന്ധിയിലാക്കി. ഏലവും പച്ചക്കറിയും ഉള്പ്പെടെ പല കാര്ഷിക വിളകളെയും അഴുല് രോഗം ബാധിച്ചിട്ടുണ്ട്. മഴ നീണ്ടു നിന്നാല് അഴുകല് വ്യാപമാകാനും സാധ്യതയുണ്ട്.
ഇതിനു പുറമേ വന്തോതില് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വ്യാപാരമേഖല മഴമൂലം വലിയ മാന്ദ്യത്തിലാണ്. മഴ ഇത്തരത്തില് നീണ്ടു നിന്നാല് ഓണക്കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വ്യാപാരികള് പറയുന്നു.
District News
പുന്നയൂർക്കുളം: കനത്തമഴയിൽ വെള്ളംകയറി രാമച്ചപ്പാടം വെള്ളക്കെട്ടിലായി.
തീരമേഖലയിലെ മുഖ്യ സുഗന്ധദ്രവ്യ കൃഷിക്ക് വെള്ളക്കെട്ട് ഭീഷണിയാണ്. രാമച്ച ചെടിയുടെ തണ്ട് ചീയാനും പറിക്കുമ്പോൾ വേരുപൊട്ടാനും ഇടയാക്കും. കടൽക്ഷോഭത്തെ തുടർന്ന് കയറുന്ന കടൽവെള്ളവും മറ്റൊരുഭീഷണിയാണ്.
അണ്ടത്തോട്, പാപ്പാളി, തങ്ങൾപ്പടി ബീച്ച്, കാപ്പിരിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായി ഏക്കർ കണക്കിന് സ്ഥലത്താണ് രാമച്ച കൃഷി. നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ്.
മഴയ്ക്കുപിന്നാലെ പച്ചപ്പായൽ, മഹാളിരോഗവും എന്നിമൂലം തീരത്തെ സുഗന്ധ കൃഷിക്കാർ ഭയപ്പാടിലാണ്. ആയുർവേദ മരുന്ന്, സുഗന്ധവസ്തുക്കൾ എന്നിവയുടെയും മറ്റും നിർമാണത്തിനായി ഓരോവർഷവും തീരത്തുനിന്ന് ടൺ കണക്കിന് രാമച്ചമാണ് കയറ്റിപ്പോകുന്നത്. എല്ലാം തകിടം റിയുമോയെന്ന ആശങ്കയിലാണ് കർഷകർ.
District News
തിരുവമ്പാടി: കനത്തമഴയിൽ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്ത് അൽഫോൻസ കോളജിലെ വിദ്യാർഥികൾ. പഞ്ചായത്തിലെ എട്ടാം വാർഡിലെ നാടിയാനിയിൽ സജിയുടെ വീടിന്റെ പുറകുവശത്തേക്ക് വീണ മണ്ണാണ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തത്.
വാർഡ് അംഗം ബോസ് ജേക്കബ്, കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, കോളജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, അധ്യാപകരായ സ്നേഹ മാത്യു, സിസ്റ്റർ ഡോ. അർപ്പിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഏഴ് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്, കാസര്ഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ടാണ് നല്കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (06-08-2026) അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില് ദുരിതാശ്വാസ ക്യാംപുകള് പ്രവര്ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകൾ, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അറിയിച്ചു.
District News
അഞ്ചല് : കനത്ത മഴ തുടരുന്ന ജില്ലയുടെ കിഴക്കന് മലയോര മേഖലയില് ദുരിതത്തിന് അറുതിയില്ല. മഴയെ തുടര്ന്നു ഏരൂര് പഞ്ചായത്തിലെ കാഞ്ഞുവയല് പുഞ്ചിരിമുക്ക് റോഡില് മണ്ണിടിച്ചില് ഉണ്ടായി. മണ്ണിടിച്ചിലിനെ തുടര്ന്നു മരങ്ങളും റോഡിലേക്കു് വീണു. ഇതോടെ ഗതാഗതം പൂര്ണമായും തടസപ്പെട്ടു.
ഇതുവഴി മദ്രസയില് പോകാനായി രാവിലെയെത്തിയ കുട്ടികളാണ് മണ്ണിടിച്ചില് കാണുന്നത്. ഉടന് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥലത്തെത്തി ജെസിബിയുടെ സഹായത്തോടെ പാതയില്നിന്നു മണ്ണ് നീക്കംചെയ്തു. പിഴുതുവീണ മരങ്ങളും അപകടവസ്ഥയിലുണ്ടായിരുന്ന മരങ്ങളും മുറിച്ച് നീക്കി. മണിക്കൂറുകള് നീണ്ട പരിശ്രമത്തിനോടുവിലാണ് കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്ത് പാതയിലൂടെ ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്
District News
മണര്കാട്: തിരുവഞ്ചൂര്, പറമ്പുകര പ്രദേശത്ത് കനത്ത മഴയെത്തുടര്ന്നു പ്രളയജലനിരപ്പ് ക്രമാതീതമായി ഉയര്ന്നതിനാല് ജനജീവിതം ദുരിതത്തില്. ഒഴിക്കില്പ്പെട്ട വാട്ടര് ടാങ്ക് എടുക്കുന്നതിനിടെ തിങ്കളാഴ്ച മരണപ്പെട്ട ശരണിന്റെ വീട് ഉള്പ്പെടെ പ്രദേശത്തെ ഭൂരിഭാഗം വീടുകളും പകുതിയോളം വെള്ളത്തിനടിയിലാണ്. സ്വന്തം വീട്ടില്നിന്നു പ്രളയജലത്തില് ഒഴുകിപ്പോയ വാട്ടര് ടാങ്ക് തിരികെ പിടിച്ചെടുക്കാനായി ശരണ് പാടത്തേക്ക് നീന്തിപ്പോകുമ്പോഴാണ് അപകടത്തില്പ്പെട്ടത്. നല്ല കായികശേഷിയും പൂര്ണ ആരോഗ്യവുമുള്ള നീന്തല് നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു ശരണ്. പാടത്തെ വെള്ളത്തിനടിയിലുണ്ടായിരുന്ന വള്ളികളിലോ കയറുകളിലോ കാല് കുരുങ്ങിപ്പോയതാണ് ദുരന്തത്തിനു കാരണമായതെന്നാണ് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര് വ്യക്തമാക്കുന്നത്.
ചെടികളുടെ വള്ളിയില് കുരുങ്ങിയതിനാല് നീന്തി രക്ഷപ്പെടാന് ശരണിന് സാധിച്ചില്ലെന്നാണ് അനുമാനം. സംഭവമറിഞ്ഞയുടന് തന്നെ ഫയര്ഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തിങ്കളാഴ്ച രാത്രി വൈകിയും തെരച്ചില് നടത്തിയിരുന്നു. കനത്ത മഴയും മോശം കാലാവസ്ഥയും രാത്രിയിലെ വെളിച്ചക്കുറവും കാരണം പ്രളയജലത്തില് തെരച്ചില് നടത്തുന്നത് ദുഷ്കരമായിരുന്നു. വെള്ളക്കെട്ടിനടിയില് വള്ളികളും കയറുകളും വന്തോതില് കുരുങ്ങിക്കിടക്കുന്നതും രക്ഷാപ്രവര്ത്തനത്തിനു വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഇന്നലെ രാവിലെ ഡിസാസ്റ്റര് മാനേജ്മെന്റുകളില് പ്രത്യേക പരിശീലനം ലഭിച്ച ഫോര്ട്ട് കൊച്ചി ഐആര്ടിഡബ്ല്യു ഫയര് ആന്ഡ് റെസ്ക്യു സ്കൂബ ഡൈവിംഗ് അക്കാഡമി ടീമിന്റെ വിദഗ്ധസംഘമാണ് തെരച്ചിലിന് നേതൃത്വം നല്കിയത്. രക്ഷാപ്രവര്ത്തകര്ക്കൊപ്പം നാട്ടുകാരും പങ്കാളികളായി.
വീടുകളിൽ വെള്ളം കയറി
കൈപ്പുഴ: പള്ളിത്താഴെ കടവ് ഭാഗത്തെ വീട്ടിലും പരിസരത്തും വെള്ളം കയറി. വീട്ടുകാർ നീന്തി വേണം പുറത്തേക്കിറങ്ങാൻ. ഇനിയും മഴ തുടർന്നാൽ വീട്ടുകാർക്ക് ദുരിതാശ്വാസ ക്യാന്പിലേക്ക് പോകേണ്ടി വരും.
എല്ലാ വർഷവും ഇവിടത്തെ വീട്ടുകാർ ദുരിതം നേരിടുകയാണ്. തൊട്ടടുത്ത തോട്ടിൽ പോള നിറഞ്ഞുകിടക്കുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. നീണ്ടൂർ മുടക്കാലി ഭാഗത്തും വെള്ളം കയറി. ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.
District News
കടുത്തുരുത്തി: കനത്ത മഴയും കിഴക്കന് വെള്ളത്തിന്റെ വരവും പടിഞ്ഞാറന് പ്രദേശങ്ങള് വെള്ളത്തില്. ശക്തമായി തുടരുന്ന മഴയില് പ്രദേശത്തെ തോടുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. പ്രധാന റോഡുകള് ഉള്പ്പെടെ കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്, ഞീഴൂര്, മുളക്കുളം മേഖലകളിലെ പല റോഡുകളും വെള്ളത്തിലായതോടെ യാത്രാദുരിതവും ജനങ്ങള്ക്ക് ബുന്ധിമുട്ടുണ്ടാക്കുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്ണമായും നില്ക്കാത്തത് വെള്ളപൊക്ക ഭീഷിണി തുടരുകയാണ്.
ഈ വര്ഷത്തെ ആദ്യത്തെ വെള്ളപ്പൊക്കമാണ് നാട്ടിലുണ്ടായിരിക്കുന്നത്. നൂറുകണക്കിന് വീടുകള് വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകള് പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹന ഗതാഗതം പൂര്ണമായും തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകള് പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന് പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.
കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് പൂര്ണമായും വെള്ളത്തില് മുങ്ങി. ആയാംകുടി-ആപ്പാഞ്ചിറ റോഡ് മുക്കം ഭാഗത്ത് വെള്ളത്തില് മൂടി. കുറുപ്പന്തറ-കല്ലറ റോഡില് കടവിലും വെള്ളം കയറി. കല്ലറ മുണ്ടാര് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആപ്പുഴ, എരുമത്തുരുത്ത്, വെള്ളാശേരി, മാന്നാര് മുക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളെല്ലാം വെള്ളത്തിലാണ്. മാഞ്ഞൂര് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷിണിയിലാണ്. മാഞ്ഞൂര് സൗത്ത്, മേമ്മുറി, വാതപ്പള്ളില്, കണ്ടാറ്റുപാടം, ചാമക്കാല, ചിറപ്പാടം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കോതനല്ലൂര് കുഴിയാഞ്ചാല് തോട് നിറഞ്ഞൊഴുകുകയാണ്. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട് എന്നീ തോടുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്.
തോടുകള് കര കവിഞ്ഞൊഴുകിയതോടെ കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിലായി. നിരവധി വീടുകളില് വെള്ളം കയറി. കടുത്തുരുത്തി പഞ്ചായത്തിലെ എരുമത്തുരുത്തിലും, വെള്ളാശേരി പാടശേഖത്തിന് സമീപമുള്ള വീടുകളിലും മുണ്ടാറിലുമെല്ലാം വീടുകളില് വെള്ളം കയറി. കടുത്തുരുത്തി മേഖലയില് അറുപതോളം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കടുത്തുരുത്തി ചുള്ളിത്തോട്, വലിയതോട് എന്നിവ കരകവിഞ്ഞൊഴുകിയതിനെത്തുടര്ന്നാണ് വീടുകളില് വെള്ളം കയറിയത്. പലരും വീട്ടുപകരണങ്ങള് വീടുകള്ക്കുള്ളില് തന്നെ ഉയര്ത്തി വച്ചിരിക്കുകയാണ്. മുട്ടോളം വെള്ളമുണ്ട് ചില വീടുകള്ക്കുള്ളില്. വെള്ളം താഴേക്ക് വ്യാപിക്കുന്നതിനാല് പടിഞ്ഞാറന് പ്രദേശങ്ങളിലുള്ളവര് ആശങ്കയിലാണ്.
കല്ലറ പഞ്ചായത്തിലെ മുണ്ടാറിലും നിരവധി വീടുകളില് വെള്ളം കയറി, പല വീടുകളുടെയും മുറ്റത്ത് വെള്ളക്കെട്ടാണ്. ഇവിടെ 100 ഓളം വീടുകള് വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുണ്ടാര് പ്രദേശത്തേക്ക് എത്തുന്നതിനും ഇവിടെയുള്ളവര് ബുദ്ധിമുട്ടുകയാണ്.
വളര്ത്തുമൃഗങ്ങള്, കോഴി, താറാവ് എന്നിവയെല്ലാം ഇനിയും ജലനിരപ്പ് ഉയര്ന്നതിനാല് എവിടെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാര്.
കല്ലറ പഞ്ചായത്തിലെ ഉദയന്തറ, മണിയൻതുരുത്ത്, മുണ്ടാര് പ്രദേശങ്ങളിലെ വീടുകളില് വെള്ളം കയറി. പതിനൊന്നാം വാര്ഡില്പ്പെട്ട പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വീടിനകത്തുവരെ വെള്ളം നിറഞ്ഞ സ്ഥിതിയാണ്. വളര്ത്തുമൃഗങ്ങളും കൃഷിയുമെല്ലാമുള്ളതുകൊണ്ട് പലരും വീട്ടില്നിന്ന് മാറി താമസിക്കാന് തയാറയില്ല. മണിയന്തുരുത്ത് -മണിയാപറമ്പ് തോട് നിറഞ്ഞാണ് വീടുകളില് വെള്ളം കയറിയത്. കിഴക്കന് വെള്ളത്തിന്റെ വരവ് നിലച്ചില്ലെങ്കില് ഇവിടുത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. മുണ്ടാറിലെ അമ്പതോളം വീടുകളില്
വെള്ളം കയറി. എഴുമാംകായലില്നിന്നും കരിയാറില്നിന്നുമാണ് ഇവിടേക്ക് വെള്ളം കയറുന്നത്. പാറേല് കോളിനിയിലും പരിസരത്തുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട് രൂക്ഷമായി
തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴോട്ട് വ്യാപിച്ചു തുടങ്ങിയതോടെ കല്ലറ മുണ്ടാറിലും കടുത്തുരുത്തിയുടെ പടിഞ്ഞാറന് മേഖലകളിലെയും താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട് രൂക്ഷമായി. കരിയാറിലും കെവി കനാലിലും എഴുമാംകായലിലും ഇടത്തോടുകളിലും ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്. മഴയ്ക്കൊപ്പം കിഴക്കന് വെള്ളത്തിന്റെ വരവ് ശക്തമായതാണ് പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന് കാരണമായത്. പല വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്.
മഴ കനത്തതോടെ കല്ലറ പഞ്ചായത്തിലെ മുണ്ടാര് മേഖലയിലും കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന് മേഖലയായ എഴുമാന്തുരുത്തിലും വെള്ളപ്പൊക്കമുണ്ടായിരുന്നു. ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്ന്ന് കല്ലറ പഞ്ചായത്തിലെയും കടുത്തുരുത്തിയുടെ പടിഞ്ഞാറന് മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്ഡുകളിലായി സ്ഥിതി ചെയ്യുന്ന മുണ്ടാര് മേഖലയില് നിരവധി വീടുകളില് വെള്ളംകയറി.
പലരും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറ്റി. വളര്ത്തുമൃഗങ്ങളും മറ്റുമുള്ളതിനാല് ചിലര് ഇപ്പോഴും വീടുകളില്തന്നെ കഴിയുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ കിഴക്കന് വെള്ളത്തിന്റെ വരവ് കുറഞ്ഞെങ്കിലും താഴോട്ട് വെള്ളം വ്യാപിക്കുന്നതിനാല് കൂടുതല് വീടുകളില് വെള്ളം കയറിയിട്ടുണ്ട്. മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് വെള്ളം കയറി മുങ്ങി. ഇതുവഴി വലിയ വാഹനങ്ങള്ക്ക് മാത്രമേ കടന്നു പോകാനാകൂ.
ചെറിയ റോഡുകളും വെള്ളത്തിനടിയിലായി. തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്ഗം. കഴിഞ്ഞ ദിവസത്തെക്കാളും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണെന്ന് കല്ലറ പ്രദേശത്തെ ആളുകള് പറയുന്നു. കിഴക്കന് വെള്ളത്തിന്റെ വരവ് നിന്നില്ലെങ്കില് പ്രതിസന്ധി രൂക്ഷമാകുമെന്നും ഇവര് പറയുന്നു.
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന് മേഖലയായ എഴുമാന്തുരുത്ത്, മുക്കം, ആപ്പാഞ്ചിറ, കാന്താരിക്കടവ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്.
District News
അമ്പലപ്പുഴ: 25 ദിവസം മുൻപ് വിത്തു വിതച്ച പാടശേഖരത്തിൽ കനത്ത മഴയിൽ മട വീണു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. തകഴി കുന്നുമ്മ ചെട്ടുതറക്കരി പാടശേഖരത്താണ് കഴിഞ്ഞ രാത്രിയിൽ മടവീഴ്ചയുണ്ടായത്. 25 ദിവസം മുൻപാണ് ഇവിടെ രണ്ടാം കൃഷിക്കായി വിത്ത് വിതച്ചത്. 68 ചെറുകിട കർഷകരാണ് ഇവിടെയുള്ളത്. കനത്ത മഴ കണക്കിലെടുത്ത് മട വീഴ്ച ഭയന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കർഷകർ ബണ്ട് സംരക്ഷണത്തിലായിരുന്നു. എന്നാൽ, പുലർച്ചെ ഒരു മണിയോടെ മട വീഴുകയായിരുന്നു.
പതിനഞ്ചര മീറ്റർ വീതിയിൽ മട വീണതോടെ തങ്ങൾക്ക് ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു. ക്യഷിഭവനിൽനിന്ന് സൗജന്യമായി വിത്ത് ലഭിച്ചെങ്കിലും കൃഷിയൊരുക്കുന്നതിനും മറ്റുമായി ഓരോ കർഷകനും ഏക്കറിന് 18, 000 രൂപയോളം ചെലവ് വന്നിട്ടുണ്ട്. മട വീണ് കൃഷി പൂർണമായും നശിച്ചതോടെ ഇനി ആദ്യം മുതൽ കൃഷി തുടങ്ങേണ്ട ദുരവസ്ഥയിലാണ് കർഷകർ. മോട്ടോർ ഉപയോഗിച്ച് വെള്ളം അടിയന്തരമായി വറ്റിച്ചാൽ കൃഷി വീണ്ടും നടത്താനാകുമെന്ന വിശ്വാസത്തിലാണ് കർഷകർ. \
ഇതിനായി സർക്കാർ ഭാഗത്തു നിന്നും കൃഷി വകുപ്പിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. കൃഷി പുനരാരംഭിക്കാനുള്ള എല്ലാ സഹായവും ചെയ്തു നൽകുമെന്ന് മടവീഴ്ച സന്ദർശിച്ച ശേഷം കൃഷി ഓഫീസർ മനോജ് പറഞ്ഞു. കർഷകർക്ക് സൗജന്യമായി വിത്ത് നൽകാനുള്ള ശ്രമം നടത്തുമെന്നും കൃഷി ഓഫീസർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, വയനാട്, പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കോട്ടയം, കണ്ണൂർ, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പ്രൊഫഷണല് കോളേജുകൾക്ക് അവധിയില്ല. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകൾ, മദ്രസകൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, കോഴ്സുകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി. പ്രൊഫഷണല് കോളേജുകള്, അങ്കണവാടികള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും, ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
കാസര്ഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷന് സെന്ററുകള്, മദ്രസകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ആലപ്പുഴ ജില്ലയില് പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി. പൊതുപരീക്ഷകള്ക്ക് അവധി ബാധകമല്ല.
എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കളക്ടര് അറിയിച്ചു.
തൃശൂര് ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്, കേന്ദ്രീയവിദ്യാലയങ്ങള്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, പ്രഫഷണല് കോളേജുകള്, ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധി. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും, ഇന്റര്വ്യൂകള്ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല് അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള് നടപടി സ്വീകരിക്കണമെന്നും കളക്ടര് അറിയിച്ചു.
വയനാട് ജില്ലയിലെ അങ്കണവാടികള്, മതപഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, പരിശീലന സ്ഥാപനങ്ങള്, സ്പെഷ്യല് ക്ലാസുകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കും. റസിഡന്ഷ്യല് സ്കൂളുകള്ക്കും റസിഡന്ഷ്യല് കോളേജുകള്ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്ഷ്യല് സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള് ഉറപ്പുവരുത്തണം. സാഹചര്യത്തിനനുസരിച്ച് വിദ്യാര്ഥികളുടെ സുരക്ഷ മുന്നിര്ത്തി അവധി നല്കാവുന്നതുമാണ്.
Kerala
കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധമായിരിക്കും.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഇതോടെ ബുധനാഴ്ച വിദ്യാഭ്യാസ ജില്ലകൾക്ക് അവധി പ്രഖ്യാപിക്കുന്ന ജില്ലകളുടെ എണ്ണം ആറായി. നേരത്തെ ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില് വയനാട്ടിലേയ്ക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ . ജില്ലയിൽ നിന്നുള്ള അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏര്പ്പെടുത്തി.
ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണം. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പോലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർഅറിയിച്ചു.
അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
52 വീടുകൾ പൂർണമായി തകർന്നു. 565 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തീയതി മുതൽ ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.
കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05-08-2026) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്.
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
മറ്റ് ജില്ലകളിൽ കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയംസ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Kerala
ആലപ്പുഴ: അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05.08.2026 ) അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധമാണ്. ജില്ലാ കളക്ടർ ഷാജി വി. നായർ ആണ് അവധി ഉത്തരവിറക്കിയത്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും പ്രവർത്തിക്കാം.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും താമരശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
District News
കൂത്താട്ടുകുളം/മൂവാറ്റുപുഴ: കനത്ത മഴയിൽ പുറ്റാനിമലയിലും ആരക്കുഴ പെരുമ്പല്ലൂര് കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപവും വീടിന്റെ സംരക്ഷണഭിത്തി കൾ ഇടിഞ്ഞുവീണു.
പുറ്റാനിമലയിൽ പാറത്തൊട്ടയില് വര്ക്കിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ബാക്കി ഭാഗങ്ങള് കൂടി ഏതു നിമിഷവും ഇടിഞ്ഞുവീഴാം.
ആരക്കുഴ പെരുമ്പല്ലൂര് കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപം കാക്കനാട് ജിയോ ആഗസ്തിയുടെ വീടിന്റെ മുറ്റത്തുള്ള സംരക്ഷണ ഭിത്തിയും മതിലും തകര്ന്ന് സമീപവാസിയുടെ വീട്ടുമുറ്റത്തേക്കാണ് വീണത്. ഇന്നലെ പുലര്ച്ചെയായിരുന്നു സംഭവം.
സമീപത്തെ കോടമുള്ളില് ജോയിച്ചന്റെ വീട്ടുമുറ്റത്തെ കാര് പോര്ച്ചിലേയ്ക്കാണ് സംരക്ഷണഭിത്തിയും തകര്ന്ന കല്ലും മണ്ണും പതിച്ചത്. മൂന്നു മീറ്റര് ഉയരത്തിലും 15 മീറ്റര് നീളത്തിലുമുള്ള ഭാഗമാണ് തകര്ന്നത്.
സംരക്ഷണഭിത്തി ഇടിഞ്ഞ് മാറാടി കായനാട് മകിടുപാറപുത്തന്പുരയില്(പടിഞ്ഞാറേകോളുത്തറ) സുമതി വാസുവിന്റെ വീട് അപകട ഭീഷണിയിലായി. ശക്തമായ മഴയില് വീടിനു പിന്നില് മൂവാറ്റുപുഴ ആറിനോട് ചേര്ന്നുള്ള മുറ്റത്തിന്റെ സംരക്ഷണഭിത്തിയാണ് ഇന്നലെ ഉച്ചയോടെ പുഴയിലേക്ക് ഇടിഞ്ഞത്.
തുടര്ന്ന് വീടിനോട് ചേര്ന്ന് മുറ്റത്ത് വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. ആറംഗ കുടുംബമാണ് വീട്ടില് താമസിക്കുന്നത്. ഇവരെ പഞ്ചായത്ത് അധികൃതര് സമീപത്തെ വീട്ടിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം.
ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. ചൊവ്വാഴ്ച 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞിരിക്കുകയാണ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്.
പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യമാണുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.
മൂഴിയാർ ഡാം ഉടൻ തുറക്കുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.
ഇതുമൂലം നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.
കാലാവസ്ഥ മോശമായതിനാൽ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.
വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി.
District News
നാല് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു
ചങ്ങനാശേരി: കനത്ത മഴയിലും കൊടുങ്കാറ്റിലും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില് നാശനഷ്ടം. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങള് വെള്ളത്തില് മുങ്ങുന്നു. നിരവധി വീടുകള് വെള്ളത്തിലകപ്പെട്ടു. എസി കനാലില് ജലനിരപ്പുയരുന്നത് സമീപത്തെ വീടുകള്ക്ക് ഭീഷണിയാണ്.
താലൂക്കില് നാല് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. വെള്ളപ്പൊക്കഭീഷണി നേരിട്ട 31 കുടുംബങ്ങളിലെ 113 അംഗങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്പ്പിച്ചു. ആഹാരസാധന സാമഗ്രികള് എത്തിച്ചുനല്കിയതായി ചങ്ങനാശേരി തഹസില്ദാര് പറഞ്ഞു. റവന്യു ടവറിലെ താലൂക്ക് ഓഫീസില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ഫോണ്. 0481-2420037.
തൃക്കൊടിത്താനം ആരമല മോസ്കിനു മുമ്പില് റോഡരികില് നിന്ന മാവ് വീണ് പാര്ക്ക് ചെയ്തിരുന്ന ടോറസ് ലോറിക്കും, പത്രക്കെട്ടുമായി സഞ്ചരിച്ചിരുന്ന കാറിനും നാശനഷ്ടം നേരിട്ടു. കിഴക്കന്വെള്ളം ഒഴുകിയെത്തുന്നത് അപ്പര്കുട്ടനാട് മേഖലകളായ പൂവം, നക്രാല്, പുതുവല്, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല് പ്രദേശങ്ങളെയും ദുരിതത്തിലാക്കുക യാണ്.
തോടുകള് കവിഞ്ഞൊഴുകുന്നു; ക്യാമ്പുകളില് 31 കുടുംബങ്ങള്
ദുരിതാശ്വാസ ക്യാമ്പുകള് തുറന്ന കുറിച്ചി ലിറ്റില് ഫ്ളവര് എല്പി സ്കൂളില് 20 കുടുംബങ്ങളിലെ 75 അംഗങ്ങളെയും പെരുമ്പനച്ചി ഗവ. എല്പി സ്കൂളില് മൂന്ന് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയും നെടുമണ്ണി ഫാത്തിമാമാതാ യുപി സ്കൂളില് ആറ് കുടുംബങ്ങളിലെ 22 അംഗങ്ങളെയും വാകത്താനം തൃക്കോതമംഗലം എല്പി സ്കൂളില് മൂന്നു കുടുംബങ്ങളിലെ പത്തംഗങ്ങളെയും പാര്പ്പിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണക്കുഴി, കുട്ടന്ചിറമറ്റം, മണ്ണങ്കര ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം നേരിട്ടത്.
മാടപ്പള്ളി പഞ്ചായത്തിലെ മൂന്ന്, നാല് വാര്ഡുകളില്പ്പെട്ട പാലമറ്റം, പെരുമ്പനച്ചി മുല്ലശേരി ഭാഗം, കൊഴുപ്പക്കളം ഭാഗങ്ങളില് ജലനിരപ്പുയര്ന്നിട്ടുണ്ട്. വെളിയം-പെരുമ്പനച്ചി തോട്ടില് ജലനിരപ്പുയര്ന്നതിനെ തുടര്ന്ന് ഇരുവശങ്ങളിലുമുള്ള പുരയിടങ്ങളിലും ഇരുപതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ തോടിനു സമീപത്തുള്ള മാടപ്പള്ളി ക്ഷേത്രപരിസരങ്ങളില് വെള്ളം കയറി. പൂവത്തുംമൂട്-മാടപ്പള്ളി എന്ഇഎസ് ബ്ലോക്ക് റോഡിലെ കരക്ക്ടം ഭാഗത്ത് വെള്ളം കയറി.
പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് ട്രാന്സ്ഫോര്മറിനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാര്ക്കും സമീപവാസികള്ക്കും അപകടക്കെണിയാണ്. നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാര്ഡിലെ ഇടവെട്ടാല് ഭാഗത്ത് ജലനിരപ്പുയര്ന്നതുമൂലം ഒരു ഡസനോളം വീടുകള് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കറുകച്ചാൽ: മേഖലയിൽ കനത്ത മഴ. തോടുകൾ കര കവിഞ്ഞു. നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 25ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ മേഖലയിലെ തോടുകളിലും, മറ്റു ജലാശയങ്ങളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നു. നെടുംകുന്നം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗങ്ങളിൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി. പാറക്കുഴി ഭാഗത്തെ എട്ട് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ നെടുംകുന്നം പഞ്ചായത്ത് നെടുമണ്ണി ഫാത്തിമാമാതാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
15-ാം വാർഡ് പനയ്ക്കവയൽ ഭാഗത്തെ എട്ടു വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ ചമ്പക്കര സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിലെ കപ്പ, ഏത്തവാഴ, ചേന തുടങ്ങിയ കൃഷികളെല്ലാം വെള്ളത്തിലായി. കൊടുങ്ങൂർ-മണിമല റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഴൂർ വലിയതോട് കരകവിഞ്ഞ് നിരവധി വീടുകളിലും കൃഷിടങ്ങളിലും വെള്ളം കയറി.
പനമരം ഭാഗത്ത് തോടിനുകുറുകെ നിർമിച്ച താത്കാലിക പാലം ഒഴുകി പോയി. പന്തംപ്ലാക്കൽ, ശാസ്താംകാവ് ഭാഗങ്ങളിലെ റോഡുകളിലും വെള്ളം കയറി. ചാമംപതാലിൽ തോട് കരകവിഞ്ഞ് കവല പൂർണമായി വെള്ളത്തിലായി. സമീപത്തെ വീടുകളിലും, ഇതര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.
തോട്ടയ്ക്കാട് വലിയമണ്ണി പാലത്തിന് സമീപം കൈതളാവിൽപറമ്പിൽ ഗിരിഷീന്റെ വീട്ടിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്.
വീട്ടിൽ കുടുങ്ങിയവരെ പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഗിരീഷിന്റെ മക്കളായ അഭിനവ്, അഭിനന്ദ എന്നിവരെ അഗ്നിരക്ഷാസേനാംഗങ്ങൾ തോളിലേറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.
District News
മറക്കര: കനത്ത മഴയെത്തുടർന്ന് പന്നഗം തോട് നിറഞ്ഞ് കവിഞ്ഞ് മറ്റക്കര ഒറ്റപ്പെട്ടു. കൃഷിയിടങ്ങൾ വെള്ളത്തിലായി. വാഹന ഗതാഗതം തടസപ്പെട്ടു. മഞ്ഞാമറ്റം,മൂഴൂർ, മണൽ നെല്ലിക്കുന്ന് പാദുവാ , ചുവന്ന പ്ലാവ് കുഴിമറ്റം, തച്ചിലങ്ങാട് പ്രദേശങ്ങളിലാണ് റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടത്.
പലഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. പന്നഗം തോട്ടിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തടയണകൾ കാരണം വെള്ളം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കി.
ശക്തമായൊഴുക്കിൽ പലരുടെയും തടികളും മറ്റും ഒഴുകിപ്പോയിട്ടുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകളും ഒഴുകിപ്പോയി.
പള്ളിയുടെ കുരിശ് തകർന്ന് വീണു
കൊല്ലാട്: കനത്ത കാറ്റിലും മഴയിലും കൊല്ലാട് ബേത്ലഹേം മാര്ത്തോമാ പള്ളിയുടെ കുരിശ് തകര്ന്നു വീണു. ശനിയാഴ്ച പുലര്ച്ചേയാണ് സംഭവം. കുരിശ് തകർന്ന് പള്ളിയുടെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
District News
റാന്നി, ആറന്മുള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
വെള്ളിയാഴ്ച രാത്രി ളാഹയിൽ രേഖപ്പെടുത്തിയത് 24 സെന്റിമീറ്റർ മഴ
പത്തനംതിട്ട: ജില്ലയില് അതിതീവ്രമഴ. രാത്രിയിൽ തുടങ്ങിയ മഴ നേരം പുലരുവോളം നീണ്ടു. ഇരുട്ടി വെളുത്തപ്പോഴേക്കും റാന്നി, വടശേരിക്കര മേഖലകള് മുങ്ങി. പമ്പാനദി കരകവിഞ്ഞ് കൂടുതല് പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ രാത്രിയില് ഏതാനും മണിക്കൂറുകള്ക്കുള്ളില് ജില്ലയില് 30 സെന്റിമീറ്ററോളം മഴ ലഭിച്ചുവെന്നാണ് കണക്ക്.
കോഴഞ്ചേരിയിലും ആറന്മുളയിലും രാവിലെ മുതൽ വെള്ളം കയറി. റോഡുകളിലും പുരയിടങ്ങളിലും പ്രളയജലം വളരെ പെട്ടെന്ന് നിറഞ്ഞു. പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി.
കിഴക്കന് മേഖലയില് വയാറ്റുപുഴ ഭാഗത്ത്് ഉരുള്പൊട്ടുകയും കല്ലാറിലടക്കം ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പമ്പാനദി വളരെ വേഗം കരകവിയുകയായിരുന്നു. മണിയാര് സംഭരണിയില് വെള്ളം സംഭരിക്കാന് കഴിയാതെ വന്നതും പ്രളയക്കെടുതികൾ രൂക്ഷമാക്കി. വനമേഖലയില് പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടുകയും ചെയ്തു. ഇതിനൊപ്പം മലവെള്ളപ്പാച്ചിൽ കൂടി ആയതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി മാറി.
കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയത് കനത്ത മഴ
ജില്ലയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ മൺസൂൺ കാലയളവിലെ ഏറ്റവും കൂടിയ മഴയാണ് വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ളാഹയിലാണ്. 24 സെന്റി മീറ്റർ മഴ വെള്ളിയാഴ്ച രാത്രി ളാഹയിൽ ലഭിച്ചുവെന്നാണ് കണക്ക്. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇതംഗീകരിച്ചിട്ടുണ്ട്.
4.4 മീറ്റർ മഴയാണ് തുന്പമണ്ണിലെ കേന്ദ്ര ജലകമ്മീഷന്റെ മഴമാപിനിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മാലക്കരയിൽ 8.2 സെന്റിമീറ്ററും കല്ലൂപ്പാറയിൽ 2.3 സെന്റിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാടമണ്ണിൽ 7.4 സെന്റിമീറ്ററാണ് മഴ ലഭിച്ചത്. നാലിടങ്ങളിലാണ് ജില്ലയിൽ കേന്ദ്രജലകമ്മീഷൻ മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. ഇതനുസരിച്ചാണ് നദികളിൽ മുന്നറിയിപ്പ് നൽകാറുള്ളത്.
കോന്നി വനമേഖലയിൽ ആവണിപ്പാറയിൽ 19 സെന്റിമീറ്ററും മുള്ളുമലയിൽ 14.7 സെന്റിമീറ്ററും മണ്ണീറയിൽ 26.1 സെന്റിമീറ്ററും തവളപ്പാറയിൽ 18.3 സെന്റിമീറ്ററും കരിപ്പാൻതോട്ടിൽ 23.4 സെന്റിമീറ്ററുമാണ് മഴയുടെ അളവ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് 24.2 സെന്റിമീറ്ററും പന്പയിൽ 19 സെന്റിമീറ്റും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പന്പാനദിയിൽ മാലക്കരയിൽ 7.1 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് റെഡ്അലർട്ട് നിലയിലാണ് നദിയിലെ വെള്ളം. മാടമൺഭാഗത്തും റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. അച്ചൻകോവിലാറിന്റെ തുന്പമൺ ഭാഗത്ത് 8.04 മീറ്ററിലേക്ക് ജലനിരപ്പെത്തി. മണിമലയാറ്റിൽ കല്ലൂപ്പാറ ഭാഗത്തെ ജലനിരപ്പ് 4.15 മീറ്ററാണ്. ഈ ഭാഗങ്ങളിലെല്ലാം അപകട മുന്നറിയിപ്പുകൾ നിലനിൽക്കുകയാണ്.
മണിയാര് തുറന്നിട്ടത് മിന്നല് പ്രളയത്തിനു കാരണം
വടശേരിക്കര മണിയാര് സംഭരണി തുറന്നിട്ടിരിക്കുന്നത് പമ്പാനദിയില് വെള്ളം ഉയര്ന്ന് മിന്നല് പ്രളയത്തിനു കാരണമായി. ഷട്ടറുകള് മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ജനുവരി മുതല് ജലസേചന വകുപ്പിന്റെ മണിയാര് സംഭരണി തുറന്നിരിക്കുകയാണ്. വേനല്ക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടര് അടച്ചിട്ടില്ല. ഇത്തവണ വേനലിൽ ഇടതുകര, വലതുകര കനാലുകളിലൂടെ ജലസേചനവും ഇല്ലായിരുന്നു. മണിയാറിൽ തടയാതെ വന്നതോടെ കിഴക്കന് മേഖലയില് നിന്നുള്ള വെള്ളം നേരേ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്.
ഷട്ടറുകള് സമയബന്ധിതമായി പണി പൂര്ത്തീകരിക്കാന് കരാറുകാര്ക്കു കഴിഞ്ഞിട്ടുമില്ല.മഴ ശക്തമാകുമ്പോള് ഉണ്ടായേക്കാവുന്ന അപകട സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല. കിഴക്കന് മലയോര മേഖലയില് മഴ ശക്തമായതോടെ മൂഴിയാറിലും ഷട്ടറുകള് തുറന്നു. പെരുനാട് പവര്സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അള്ളുങ്കല്, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു.
പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ തടയണ നിറഞ്ഞു കവിഞ്ഞ് വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും തടയണയിൽ നിന്ന് വെള്ളം ഉയർന്നെത്തി കുരുമ്പൻമൂഴി കോസ് വേ പാലംമൂടി ക്കിടക്കുകയാണ്.
2018ലേതിനു സമാനമായ സാഹചര്യം
അപ്രതീക്ഷിതമായ വെള്ളപ്പൊക്കം 2018നെ പലയിടങ്ങളിലും ഓർമിപ്പിച്ചു. 2018 ഓഗസ്റ്റ് 14നു രാത്രിയിലാണ് ഇതേപോലെയൊരു വെള്ളപ്പൊക്കം പന്പയുടെ തീരങ്ങളിലുണ്ടായത്. അതിതീവ്ര മഴയിൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറക്കേണ്ട സാഹചര്യവും അന്നുണ്ടായി. ഇതോടെ പന്പയുടെ തീരങ്ങൾ മുങ്ങുകയായിരുന്നു. ഇത്തവണ അതേനിലയിലേക്ക് വെള്ളം ഉയർന്നെങ്കിലും കെടുതികൾ പലയിടത്തും സമാനമായിരുന്നു.
മുന്നറിയിപ്പുകൾ ഗൗരവത്തിലായില്ല
വെള്ളിയാഴ്ച ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നതായി പറയുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല. വൈകുന്നേരത്തോടെയാണ് മഴ ശക്തമായത്. പകൽ കിഴ്ക്കൻ മലയോര മേഖലയിൽ മഴ ഉണ്ടായിരുന്നു. വ്യാഴാഴ്ച ജില്ലാ കളക്ടർമാർക്ക് മഴ മുന്നറിയിപ്പുകൾ കൃത്യമായി നൽകിയിരുന്നുവെന്നും നടപടികൾസ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നുമാണ് റവന്യുമന്ത്രി പറയുന്നത്.
പത്തനംതിട്ട ജില്ലയിൽ മാസങ്ങളായി തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണി പന്പാനദിയിൽ മഴക്കാല പ്രളയം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പും ഉണ്ടായതാണ്. എന്നാൽ ദുരന്ത നിവാരണ അഥോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ല. സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവാണ് കാലവർഷത്തിൽ ലഭിച്ചതെന്നതിനാൽ നദികളും നീരുറവകളും വറ്റിവരണ്ട സാഹചര്യം മുൻനിർത്തി പെട്ടെന്നൊരു പ്രളയം അധികൃതരും പ്രതീക്ഷിച്ചിരുന്നില്ല. വ്യാഴാഴ്ച മുതൽ പന്പയിലടക്കം പ്രളയ സമാനമായി ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നുവെന്ന് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
കണ്ണൂർ: ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഞായറാഴ്ച രാവിലെ ആറ് വരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.
Kerala
തൃശൂർ: കനത്തമഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി. ശക്തൻ ബസ് സ്റ്റാൻഡ്, സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങൾ നിർത്തിയിട്ട വാഹനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി.
പരന്നൊഴുകിയ മലിനജലത്തിൽ നടന്നാണ് യാത്രക്കാർ പലരും സ്റ്റാൻഡിലേക്ക് പ്രവേശിച്ചത്. ഇതിനിടെ ഏതാനും ചിലർക്ക് കല്ലിലും മറ്റും തട്ടിയും വീണ് പരിക്കേറ്റു.
വാഹനഗതാഗതവും താറുമാറിലായി. മുൻ വർഷങ്ങളിലും ഇതേ അവസ്ഥ നേരിടുന്ന ഇവിടെ ഇത്തവണയും വെള്ളത്തിൽ മുങ്ങിയത് ജനങ്ങളുടെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് റോഡ്, വെളിയന്നൂർ റോഡിനോട് ചേർന്നുള്ള റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി വിവിധ ഇടങ്ങളും വെള്ളത്തിൽ മുങ്ങി.
Kerala
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്ര ഓഗസ്റ്റ് നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയവിടങ്ങളിലേക്കുള്ള പ്രവേശനവും പൂർണ്ണമായി വിലക്കിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതിനിടയിൽ, കോട്ടയം– കുമളി ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെത്തുടർന്ന് ഈ പാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിടുകയും വലിയ വാഹനങ്ങളുടെയടക്കം യാത്ര തടസ്സപ്പെടുകയും ചെയ്തു. മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മിക്ക നദികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുകയാണ്.
ഈ സാചര്യത്തിൽകേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം മണിമല (പുല്ലക്കയാർ സ്റ്റേഷൻ), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പയിൽ (മലക്കര സ്റ്റേഷൻ), മഞ്ഞ അലർട്ടാണ്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണം.
Kerala
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില് ദുരിതബാധിതര്ക്ക് സഹായം ഒരുക്കണമെന്ന് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവര്ക്ക് അടിയന്തര അഭയം നല്കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ഇടവകകളും സോഷ്യല് വെല്ഫെയര് സൊസൈറ്റികളും തുറന്നു നല്കാന് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില് അടിയന്തരമായി ചേര്ന്ന ഓണ്ലൈൻ യോഗത്തില് തീരുമാനിച്ചു.
ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജില് ജോലി ചെയ്തിരുന്ന ജോസഫൈന്റെയും അമ്മയുടെയും നിര്യാണത്തില് യോഗം അനുശോചനം രേഖപ്പെടുത്തി. തുടര്ന്ന് കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമണ്, കുടയത്തൂര്, മൂലമറ്റം, പയ്യാനിത്തോട്ടം,തീക്കോയി, പൂഞ്ഞാര് തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി.
ബന്ധപ്പെട്ട ഇടവകകളിലെ വികാരി അച്ചന്മാര്ക്ക് ആവശ്യമായ സഹായ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനും നിര്ദേശം നല്കി. യോഗത്തില് മുഖ്യവികാരി ജനറാള് ഫാ. ജോസഫ് തടത്തില് വികാരി ജനറല്മാരായ ഫാ. സെബാസ്റ്റ്യന് വേത്താനത്ത്, ഫാ. ജോസഫ് കണിയോടിക്കല്, രൂപത പ്രോക്യൂറേറ്റര് ഫാ. ജോസ് മുത്തനാട്ട്, ചാന്സലര് ഫാ. ജോസഫ് കുറ്റിയാങ്കല് പ്രസബിറ്ററല് കൗണ്സില് സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയില്, പാസ്റ്ററല് കൗണ്സില് ചെയര്മാന് ഡോ. വി.പി. ദേവസ്യ, പാസ്റ്ററല് കൗണ്സില് സെക്രട്ടറി അഡ്വ. സിജി ആന്റണി, എസ്ജെസിഇടി കോളജ് ഡയറക്ടര് ഫാ ജെയിംസ് മംഗലത്തില്, സാം സണ്ണി ഓടയ്ക്കല് എന്നിവര് പങ്കെടുത്തു.
മഴക്കെടുതിയില് വീട് നഷ്ടപ്പെട്ടവര്ക്കും സുരക്ഷിത താവളം ആവശ്യമുള്ളവര്ക്കും അടുത്തുള്ള ഇടവകകളുമായും രൂപതയുടെ സോഷ്യല് വെല്ഫെയര് സൊസൈറ്റിയുമായും ബന്ധപ്പെടാന് രൂപത അറിയിച്ചു.
Kerala
പാലാ: മീനച്ചിലാര് കരകവിഞ്ഞതോടെ പാലാ, ഈരറ്റുപേട്ട നഗരങ്ങള് വെള്ളത്തിനടിയിലായി. ഇവിടങ്ങളില് ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി സ്ഥിതിയാണ്. പാലാ ഈരാറ്റുപേട്ട, പാലാ കോട്ടയം, പാലാ വൈക്കം റോഡുകളില് ഗതാഗതം തടസപെട്ടു.
മിനച്ചില് താലൂക്കിലിന്റെ വിവിധ ഭാഗങ്ങളില് മണ്ണിടിച്ചില് ഉണ്ടായിട്ടുണ്ട് ഭരണങ്ങാനം മൂന്നാനി കൊട്ടാരമറ്റം പനക്കപ്പാലം കൊല്ലപ്പള്ളി ഉള്പ്പെടെ ടൗണില് വെള്ളം കയറിയിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.നാശനഷ്ടങ്ങള് കണക്കാക്കി വരുന്നു.
മൂന്നിലവിലും തീക്കോയിയിലും വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതം തടസപ്പെട്ടു. മലവെള്ളപ്പാച്ചിലിനെ തുടര്ന്ന് ഈരാറ്റുപേട്ട നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ഈരാറ്റുപേട്ട - വാഗമണ് റോഡില് വിവിധയിടങ്ങളില് മണ്ണിടിച്ചിലുണ്ടായതിനെത്തുടര്ന്ന് പ്രദേശത്ത് ഗതാഗതം പൂര്ണ്ണമായി തടസപ്പെട്ടു. കൂടാതെ ഈരാറ്റുപേട്ട - പാലാ റോഡിലും വലിയ തോതില് വെള്ളം കയറിയത് യാത്രക്കാരെയും വാഹനങ്ങളെയും ദുരിതത്തിലാക്കി.
അപകടസാധ്യത കണക്കിലെടുത്ത് ദുരന്തബാധിത മേഖലകളില് നിന്നും താഴ്ന്ന പ്രദേശങ്ങളില് നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്പ്പിച്ചിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയില് ഉയരുകയാണ്.
പാലാ പ്രദേശത്ത് മാത്രം 50 വീടുകളില് വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങള് അടക്കം മുഴുവന് വസ്തുക്കളും ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കും റിപ്പോര്ട്ടുകളും സര്ക്കാരിലേക്ക് സമര്പ്പിക്കുവാന് ഉദ്യോഗസ്ഥര്ക്കു നിര്ദേശമുണ്ട്. പാലാ ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളില് ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്.
Kerala
കൽപറ്റ: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നിലവിൽ ജില്ലയിലുള്ള യാത്രികർ സുരക്ഷിത ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടകരമായതിനാൽ ആരും ഇതിന് തുനിയരുത്. ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു
കനത്ത മഴയെത്തുടർന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്.
ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.
Kerala
പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മുൻകരുതലിന്റെ ഭാഗമായാണ് അടച്ചത്.
പാലക്കാട് ജില്ലയിലെ നെല്ലിയാന്പതി ഉൾപ്പെടെ മലയാരമേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മലന്പുഴയിലും കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകള്ക്കാണ് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്, പാലക്കാട്, എറണാകുളം ജില്ലകളില് ഓറഞ്ച് അലര്ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില് യെല്ലോ അലര്ട്ടുമാണ് നല്കിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡാമുകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു.
ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്.
ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു.
അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോട്ടയം ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലയുടെ വിവിധ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് മലവെള്ളത്തോടൊപ്പം മണ്ണും കല്ലും വന്നിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ജോണിയുടെ മകൻ ജോസഫിൻ ഭാര്യ റെജീനയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജോസഫിനിന്റെ മൃതദേഹം കണ്ടെത്തി. റെജീനയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വണ്ടിപ്പെരിയാറ്റിൽ തോട് കരകവിഞ്ഞു. എൻഎച്ച് 183 ഉൾപ്പെടെ പ്രധാന പാതകളിൽ വെള്ളം കയറി.
തൊടുപുഴ നഗരത്തിലും മുട്ടം, അങ്കണവാടി, ചള്ളാവയൽ, മാക്കിൽ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി ആളുകൾ ഒറ്റപ്പെട്ടു. അടിമാലി ദേവിയാർ കോളനി, ചാറ്റുപാറ, മച്ചിപ്ലാവ് പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ വെള്ളപ്പാച്ചിലും റോഡിലേക്ക് പാറക്കല്ലുകൾ പതിക്കുകയും ചെയ്തു.
മൂലമറ്റം - വാഗമൺ റോഡ്, വാഗമൺ - ഈരാറ്റുപേട്ട, വാഗമൺ - ഉപ്പുതറ പാതകളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.മൂലമറ്റം - ആശ്രമം - ഉളൂപ്പൂണി റോഡിലും, മച്ചിപ്ലാവ് മഴുമറ്റം പടിയിലും മണ്ണിടിച്ചിലും മരം വീണും റോഡ് ബ്ലോക്കായി. വണ്ടിപ്പെരിയാർ വള്ളക്കടവ് ഭാഗത്ത് പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായതിനെ തുടർന്ന് മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ 2.50 മീറ്റർ വരെ ഘട്ടംഘട്ടമായി ഉയർത്തും.തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കടന്നു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുവരികയാണ്..
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ മിന്നല് പ്രളയത്തില് മരണസംഖ്യ വര്ധിക്കുന്നു. പൂഞ്ചിലും രജൗരിയിലുമായി 19 പേര്ക്ക് ജീവന് നഷ്ടമായി.
മണിക്കൂറുകളുടെ വ്യത്യാസത്തില് പെയ്ത കനത്ത മഴയാണ് ജമ്മു കാഷ്മീരിൽ നാശം വിതച്ചത്. പൂഞ്ചില് ആറ് മൃതദേഹങ്ങള് കണ്ടെടുക്കാനുണ്ട്. പൂഞ്ചിലും രജൗരിയിലുമായി ആറുപേരെയാണ് കാണാതായത്.
മണ്ണിടിച്ചില് സാധ്യതയുള്ള പ്രദേശങ്ങളില്നിന്നും നദീതീരങ്ങളില്നിന്നും നൂറുകണക്കിന് പേരെ ഇതുവരെ ഒഴിപ്പിച്ചു. നിരവധി വീടുകള് തകര്ന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗരിയില് പുതിയ ബസ് സ്റ്റാന്ഡ് പരിസരം പൂര്ണമായും വെള്ളത്തിനടിയില് ആയതോടെ നിരവധി വാഹനങ്ങള് തകര്ന്നു.
ജമ്മു കശ്മീരില് അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്ന്ന് അമര്നാഥ് യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്ഥാടനവും നിര്ത്തിവച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ആറുപേരെ കാണാതായി. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതർക്ക് അടിയന്തരസഹായം നൽകാൻ നിർദേശം നൽകി
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മു കശ്മീരിൽ പെയ്തത് കനത്ത മഴയായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും നദീതീരങ്ങളിൽനിന്നും നൂറുകണക്കിന് പേരെഒഴിപ്പിച്ചു. നിരവധി വീടുകൾ തകർന്നു.
ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസപ്പെട്ടു. രജൗറിയിലും പൂഞ്ചിലും സ്ഥിതി ഗുരുതരമാണ്. മിന്നൽ പ്രളയത്തിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പുതിയ ബസ് സ്റ്റാൻഡ് പരിസരം വെള്ളത്തിനടിയിൽ ആയതോടെ നിരവധി വാഹനങ്ങൾ തകർന്നു.
ഡാർഹൽ തവി നദി കരകവിഞ്ഞ് ഒഴുകുകയാണ്. അഞ്ചിലധികം നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായി. മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾ തകർന്നു. ജമ്മു കശ്മീരിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയെത്തുടർന്ന് അമർനാഥ് യാത്ര താത്ക്കാലികമായി നിർത്തിവച്ചു. പഹൽഗാം, ബാൽതാൽ റൂട്ടുകളിലെ യാത്രയാണ് നിർത്തിവച്ചത്. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർടനവും നിർത്തിവച്ചു. സ്ഥിതി രൂക്ഷമായതോടെ ഡൽഹിയിലുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിലേക്ക് മടങ്ങി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ മാസം ഇരുപതുവരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.
ന്യൂനമർദ പാത്തി കേരളത്തോട് അടുത്തതാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ കാറ്റും അനുകൂലമായി ഉയർന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീരദേശവാസികളും മലയോര മേഘാലയിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന ജാഗ്രതാ നിർദേശം കൃത്യമായി പാലിച്ച് മാത്രമെ കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളൂവെന്നാണ് നിർദേശം.
District News
തലശേരി: കനത്ത മഴയെത്തുടർന്ന് പാനൂരിനടുത്ത് പൂക്കോത്തെ ഒമാസ് റസ്റ്ററന്റിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. സമീപത്തെ ഒരു വൈദ്യുതി പോസ്റ്റും തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടു.
മതിൽ ഇടിഞ്ഞതോടെ സമീപത്തുള്ള ഇരഞ്ഞിക്കുളങ്ങര എൽപി സ്കൂൾ, അങ്കണവാടി, പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല എന്നിവ അപകടഭീഷണിയിലായി. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇരഞ്ഞിക്കുളങ്ങര എൽപി സ്കൂളിനും അങ്കണവാടിക്കും ഇന്നലെ അവധി നൽകി.
സംഭവമറിഞ്ഞ് അധികൃതരും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് അപകടസാധ്യത വർധിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദുർബലമായ കെട്ടിടങ്ങൾക്കും സംരക്ഷണ മതിലുകൾക്കും സമീപം അനാവശ്യമായി നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
ശ്രീനഗർ: കാഷ്മീരിൽ കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമാണത്തിലിരിക്കുന്ന 40 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിച്ചിൽ. വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും വീണതിനെ തുടർന്നു പ്രോജക്ട് സൈറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇതിനടിയിൽ കുടുങ്ങി. വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദോഡയിലെ പ്രേം നഗറിൽ ജമ്മു-കിഷ്ത്വാർ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാൽ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
തീർഥാടകരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്നതിനാൽ മലഞ്ചെരിവുകൾ, നദികൾ, അരുവികൾ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. സ്റ്റേഷന്റെ പുറംഭാഗത്തുള്ള മേൽക്കൂരയുടെ 50 അടിയോളം വരുന്ന ഭാഗമാണ് തകർന്നു വീണത്. ഞായറാഴ്ച്ച രാത്രി 10.45 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
രണ്ടു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയ ഏജൻസി നവീകരിച്ച സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ വർഷം ഈ മേൽക്കൂരയിൽ ചോർച്ചയുണ്ടായിരുന്നു.
കനത്ത മഴയെത്തുടർന്ന് മുംബൈ, കൊങ്കൺ മേഖല, സെൻട്രൽ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളെല്ലാം പൂർണമായും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂരും കാസർഗോഡും തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.